വ്യവസായം: കേരളം ഒന്നാം സ്ഥാനത്ത് - മന്ത്രി പി. രാജീവ് കൊച്ചി: വ്യവസായ സംരംഭങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ പത്തു വർഷം കൊണ്ട് കേരളം ഇന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണന്ന് മന്ത്രി പി. രാജീവ്. സ്വകാര്യ ഇന്റസ്ട്രിയൽ പാർക്കുകൾ ആരംഭിക്കാൻ പ്രവാസികൾക്ക് സർക്കാരിന്റെ എല്ലാവിധ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമയുട 2024 -26 വർഷത്തെ കേരള കൺവെൻഷൻ ബിസിനസ് മീറ്റ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 16 ലക്ഷത്തിലധികം ചെറുകിട വ്യവസായങ്ങൾ പത്തു വർഷത്തിനുളളിൽ തുടങ്ങിക്കഴിഞ്ഞു. ഇതിൽ കൂടുതലും സ്ത്രീ സംരഭകരാണ്. പുതിയൊരു വ്യവസായം ആരംഭിക്കുന്നതിന് ഓൺലൈനിൽ രജിസ്റ്റർ ചെയ്താൽ ഒരു മിനിട്ടുകൊണ്ട് താത്ക്കാലിക ലൈസൻസ് അടക്കമുള്ള അനുമതി ലഭിക്കും. പിന്നീട് മൂന്നര വർഷത്തിനുള്ളിൽ ബാക്കി നടപടികൾ പൂർത്തിയാക്കിയാൽ മതി. മറ്റൊരിടത്തും ഇങ്ങനെയൊരു സംവിധാനമില്ല. ഇവിടെ ഒഴിഞ്ഞു കിടക്കുന്ന വീടുകളിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഉടനടി ലൈസൻസ് നൽകുന്നതിനുള്ള നടപടിയും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കൂട്ടി ചേർത്തു. കലൂർ ഗോകുലം പാർക്കിൽ നടന്ന ചടങ്ങിൽ ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ മന്ത്രി ആദരിച്ചു. സാബു ജോണി, സാജൻ വർഗീസ്, ജാക്സ് ബിജോയി, എം.ജെ. ജേക്കബ്, ജോണി ലൂക്കോസ്, എൻ എ. ബെന്നി, ഡോ. കെ. പോൾ തോമസ്, ജിത്തു ജോസ്, സൗമിനി ജയിൻ, സിബി അച്ചുതൻ എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. ഹൈബി ഈഡൻ എംപി, മുൻ കേന്ദ്ര മന്ത്രി പ്രഫ. കെ.വി. തോമസ്, മുൻ മന്ത്രി ബിനോയി വിശ്വം, കൊച്ചി മേയർ വി.കെ. മിനിമോൾ, മാധ്യമ പ്രവർത്തകനായ ശ്രീകണ്ഠൻ നായർ, കെ.എസ്. രാധാകൃഷ്ണൻ, ഡോ. ജോർജ് സ്ലീബ, സാബു ചെറിയാൻ, ഈ വി എം വീൽസ് സി ഈ ഒ ആൻസി സജി, ഫോമ ഭാരവാഹികളായ ബൈജു വർഗീസ്, സിജിൽ ജോർജ്, ഷാലു പുന്നൂസ്, പോൾ പി. ജോസ്, അനുപമ കൃഷ്ണൻ, പീറ്റർ കുളങ്ങര, ബേബി ജോൺ ഊരാളിൽ, സുബിൻ കുമാരൻ, ഡോ. എ.സി. പീറ്റർ, കോർഡിനേറ്റർ സാബു കെ. ജേക്കബ് എന്നിവർ പ്രസംഗിച്ചു. മെൻഡലിസ്റ്റ് നിപിൻനിരവത്തിന്റെ,ഒന്നര മണിക്കൂർ മാസ്മരിക ഷോയും, മ്യൂസിക് നൈറ്റ് ഉൾപ്പെടെ മനോഹര കലാ സന്ധ്യയും നടന്നു.